ഗര്‍ഭിണികള്‍ കരിക്കിന്‍വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

തീരപ്രദേശം ധാരാളമുള്ള പല ഉഷ്ണമേഖലാ പ്രദേശങ്ങളിലും സുലഭമായി കണ്ടുവരുന്ന വൃക്ഷമാണ് കേരം അഥവാ തെങ്ങ്. കേരഫലത്തിന് പൊതുവില്‍ പറയുന്ന പേരാണ് തേങ്ങ. അതിനുള്ളില്‍ കാണപ്പെടുന്ന തെളിഞ്ഞ പോഷകഗുണമുള്ള ദ്രാവകമാണ് തേങ്ങവെള്ളം. പാകമാകാത്ത കേരഫലത്തിനെ മലയാളത്തില്‍ ‘കരിക്ക്’ എന്നും, അതിന്റെ ഉള്ളിലെ പാനീയത്തിനെ ‘ഇളനീര്‍’ അഥവാ ‘കരിക്കിന്‍വെള്ളം’ എന്നും പറയുന്നു. ഹിന്ദിയില്‍ ഈ പാനീയത്തിന് ‘നാരിയല്‍ പാനി’ എന്നാണ് പറയാറ്. തേങ്ങവെള്ളത്തെക്കാള്‍ പോഷകഗുണം കരിക്കിന്‍വെള്ളത്തിനാണ്.

സാധാരണ പാനീയങ്ങളെ അപേക്ഷിച്ച് പ്രകൃതിയില്‍നിന്നും ലഭിക്കുന്ന ഏറ്റവും പോഷകഗുണമുള്ളതും, മായം കലരാത്തതുമായ ദ്രാവകമാണ് കരിക്കിന്‍വെള്ളം. 200 മുതല്‍ 1000 മില്ലിവരെ പാനീയം ഒരു കരിക്കില്‍ ഉണ്ടാകാം. വളരെ താഴ്ന്ന കലോറിമൂല്യമുള്ള കരിക്കിന്‍വെള്ളത്തില്‍ സോഡിയവും, നാല് നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ പൊട്ടാസിയവും കാണുവാന്‍ കഴിയും. ധാരാളം ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ ആരോഗ്യദായക പാനീയമാണ് കരിക്കിന്‍വെള്ളം.

പഞ്ചസാരയുടെയും വിശ്ലേഷകങ്ങളുടെയും രൂപത്തില്‍ എളുപ്പത്തില്‍ ദഹിക്കുവാനാകുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മധുരവും കുടിക്കുവാന്‍ വളരെ ആസ്വാദ്യകരവുമായ ഈ പാനീയത്തെ മിതമായ തോതില്‍ ഉപയോഗിക്കുന്നത് ഗര്‍ഭിണികളെ സംബന്ധിച്ച് ഗുണകരമാണ്. ഇതില്‍നിന്നും ലഭിക്കുന്ന പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഗര്‍ഭാവസ്ഥയിലെ ഛര്‍ദ്ദി, ഓക്കാനം, അതിസാരം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ശരീരത്തില്‍ ജലാംശം കുറയുന്നതിന് കാരണമാകുന്നു. ധാതുദ്രവ്യങ്ങള്‍, സോഡിയം, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള അഞ്ച് ഘടകങ്ങളെ കരിക്കിന്‍വെള്ളം പ്രദാനംചെയ്യുന്നു. ഇത് ശരീരത്തെ ശാന്തമാക്കുന്നു, അതോടൊപ്പം ആവശ്യമായ ഊര്‍ജ്ജത്തെ പ്രദാനംചെയ്യുന്നു. വൈദ്യുതചാര്‍ജ്ജുകള്‍ ശരീരത്തില്‍ കൈമാറ്റം ചെയ്യപ്പെടുവാന്‍ ഈ വിശ്ലേഷകങ്ങള്‍ കാരണമാകുന്നു, അങ്ങനെ മാംസപേശികളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നു. മാത്രമല്ല, ശരീരത്തിന്റെ അമ്ലക്ഷാരനിലയെ (pH level) സംതുലനപ്പെടുത്തുന്നതോടൊപ്പം രക്തസമ്മര്‍ദ്ദത്തിന്റെ തോതിനെയും ഇവ നിയന്ത്രിക്കുന്നു. ശരീരത്തിന് നല്ല കുളിര്‍മ്മ നല്‍കുന്നു. ഛര്‍ദ്ദി, ഓക്കാനം എന്നിവയോടുകൂടിയ പനി വരാതിരിക്കുന്നതിനും കരിക്കിന്‍വെള്ളത്തിലെ ഘടകങ്ങള്‍ സഹായിക്കുന്നു.

സ്ത്രീകളിലെ യൂറിക് അമ്ലത്തിന്റെ അളവ് ഗര്‍ഭാവസ്ഥയില്‍ സാധാരണ തോതില്‍നിന്നും കവിഞ്ഞുനില്‍ക്കുവാന്‍ പാടില്ല. കരിക്കിന്‍വെള്ളം നല്ലൊരു മൂത്രവിസര്‍ജ്ജ്യത്വരകമാണ്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, മറ്റ് ധാതുക്കള്‍ എന്നിവ മൂത്രവിസര്‍ജ്ജനത്തിനുള്ള താല്പര്യത്തെ വര്‍ദ്ധിപ്പിക്കുന്നു. ഹാനികരമായ വിസര്‍ജ്ജ്യമാലിന്യങ്ങളെ നിര്‍മ്മാര്‍ജ്ജനംചെയ്ത് മൂത്രനാളത്തെ വൃത്തിയാക്കുവാന്‍ ഇവ സഹായിക്കുന്നു. വൃക്കകളില്‍ കല്ല് രൂപപ്പെടുന്നതിനെയും, മറ്റ് രോഗബാധകള്‍ ഉണ്ടാകുന്നതിനെയും ഈ പ്രക്രിയ തടസ്സപ്പെടുത്തുന്നു. മൂത്രനാളം എപ്പോഴും വൃത്തിയായിരിക്കും എന്നതുകൊണ്ട് അവിടെ രോഗബാധ ഉണ്ടാകുന്നത് പ്രതിരോധിക്കപ്പെടുന്നു. മാത്രമല്ല, സമയംതെറ്റിയുള്ള പ്രസവസാദ്ധ്യതയെ ഇല്ലായ്മചെയ്യുന്നു

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് നെഞ്ചെരിച്ചില്‍, മലബന്ധം, ദഹനക്കുറവ് തുടങ്ങിയവ. ഈ കാലയളവില്‍ ഹോര്‍മോണില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇവയ്ക്ക് കാരണം. കരിക്കിന്‍വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന നാരുഘടകങ്ങള്‍ ദഹനേന്ദ്രിയ വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നു. അങ്ങനെ ദഹനപ്രക്രിയ മെച്ചപ്പെടുന്നു എന്നുമാത്രമല്ല, അമ്ലക്ഷാരനില ക്രമീകരിക്കപ്പെടുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യുന്നു. നല്ലൊരു വിരചനൗഷധമായിട്ടാണ് ആയുര്‍വേദത്തില്‍ കരിക്കിന്‍വെള്ളം അറിയപ്പെടുന്നത്. ഉപാപചയപ്രക്രിയയെ മെച്ചപ്പെടുത്തുന്നതിലൂടെ ശരീരത്തിലെ വിഷാംശം നീങ്ങിപ്പോകുന്നതിന് ഈ പാനീയം സഹായിക്കുന്നു. പ്രകൃതിദത്തമായ ഒരു അമ്ലഹാരികൂടിയാണ് ഇത്

കരിക്കിന്‍വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന അടിസ്ഥാന ധാതുദ്രവ്യങ്ങളും, ജീവകങ്ങളും, നിരോക്‌സീകാരികളും ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ പോഷിപ്പിക്കുകയും രോഗപ്രതിരോധശക്തി നല്‍കുകയും ചെയ്യുന്നു. ഹാനികരമായ ബാക്ടീരിയകളെ കൊല്ലുവാന്‍ കഴിവുള്ള ലോറിക് അമ്ലം (lauric acid) ഇതില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ രോഗകാരികളായ അണുക്കളെ നശിപ്പിക്കുവാനും, എന്നാല്‍ ഉപയോഗകാരികളായ ബാക്ടീരിയകളെ നിലനിറുത്തുവാനും ഈ അമ്ലത്തിന് കഴിവുണ്ട്. ജലദോഷം, തുമ്മല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതില്‍നിന്നും കരിക്കിന്‍വെള്ളം സംരക്ഷണം നല്‍കുന്നു.

പ്രകൃതിദത്തമായ മധുരപാനീയമാണ് കരിക്കിന്‍വെള്ളം. കൃത്രിമമായ ഒരു ചേരുവകളും ഇതില്‍ ഇല്ല. ഗര്‍ഭിണികള്‍ക്കും വളര്‍ന്നുവരുന്ന ഭ്രൂണത്തിനും ഇത് വളരെ പ്രയോജനകരമാണ്. കാരണം ഇതിലെ ഒരു ഘടകങ്ങളും ആരോഗ്യത്തില്‍ മോശമായ പ്രതികരണം സൃഷ്ടിക്കുന്നില്ല.

ഏറെക്കുറെ എല്ലാ ചേരുവകളും അടങ്ങിയ ഒരു പാനീയമാണ് കരിക്കിന്‍വെള്ളം. നിര്‍ജ്ജലീകരണം, ക്ഷീണം, തളര്‍ച്ച തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ കരിക്കിന്‍വെള്ളം കുടിക്കുകയാണെങ്കില്‍ വലിയതോതില്‍ ഊര്‍ജ്ജവും ഉന്‌മേഷവും ലഭിക്കും. ശരീരപ്രവര്‍ത്തനങ്ങളെ പുനരുജ്ജീവിപ്പിക്കുവാന്‍ ഇത് വളരെ ഉത്തമമാണ്. അരക്കെട്ടിലെ മാംസപേശികളെ ബലപ്പെടുത്തുന്നതിനും ശരീരത്തെ ആരോഗ്യസജ്ജമാക്കി നിലനിറുത്തുന്നതിനുംവേണ്ടി ശരീരവ്യായാമം അവലംബിക്കാറുണ്ടെങ്കില്‍ ഊര്‍ജ്ജദായക പാനീയമായി കരിക്കിന്‍വെള്ളത്തെ ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *