ചക്ക പഴം കൊണ്ട് 5 രുചിയൂറും വിഭവങ്ങൾ

ചക്കപ്പഴം അരി ഉണ്ട
ആവശ്യമായ സാധനങ്ങള്‍
നന്നായി പഴുത്ത ചക്കച്ചുളകള്‍ – അഞ്ച് കപ്പ്
ഇടിയപ്പത്തിന്റെ പാകത്തിന് പൊടിച്ച പച്ചരി (മാര്‍ക്കറ്റില്‍ നിന്നു ലഭിക്കുന്ന ഇടിയപ്പംപൊടി ആയാലും മതി) – അഞ്ച് കപ്പ്
ശര്‍ക്കര – രണ്ട് കപ്പ്
നെയ്യ് – അഞ്ച് ടേബിള്‍ സ്പൂണ്‍
ഏലക്കാ – 15 എണ്ണം പൊടിച്ചത്

തയാറാക്കുന്നവിധം
പച്ചരി പൊടിച്ചത് ചീനച്ചട്ടിയില്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. വാങ്ങി തണുക്കുന്നതിനു വയ്ക്കുക( മറ്റൊരു പാത്രത്തിലേക്ക് പകര്‍ന്നില്ലെങ്കില്‍ ചീനച്ചട്ടിയുടെ ചൂടു മൂലം കരിയാന്‍ സാധ്യതയുണ്ട്). ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. തുടര്‍ന്നു ശര്‍ക്കര ഉരുകി നൂല്‍ പരുവമാകുന്നതുവരെ ഇളക്കുക. ഇതിലേക്ക് മിക്‌സിയില്‍ അരച്ചെടുത്ത ചക്കപ്പഴം ചേര്‍ത്തു ജലാംശം പൂര്‍ണമായും ഇല്ലാതാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് നെയ്യ് ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഏലയ്ക്കാ ചേര്‍ത്ത് ഇളക്കി വാങ്ങിവയ്ക്കുക. അരിപ്പൊടി വറുത്തതില്‍ നിന്ന് ഒരുകപ്പ് മാറ്റി ഒരു മുറത്തില്‍ വിന്യസിച്ചിടുക. ബാക്കിയുള്ള നാലു കപ്പ് അരിപ്പൊടിച്ചതു വാങ്ങിവച്ച് ചക്കപ്പഴത്തിലേക്ക് ചക്കപ്പഴത്തിന്റെ ചൂടാറുന്നതിന് മുന്‍പ് ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചുചേര്‍ക്കുക. ഈ ചേരുവ ചെറിയ ഉരുളകളാക്കി, മുറത്തില്‍ ഇട്ട പൊടിയില്‍ മുക്കിയെടുത്താല്‍ ചക്ക അരി ഉണ്ട റെഡി.

ചക്കപ്പഴം പാല്‍ ഹല്‍വ
ആവശ്യമായ സാധനങ്ങള്‍
പഴുത്ത ചക്കച്ചുള – അഞ്ച് കപ്പ്
പശുവിന്‍ പാല്‍ – അഞ്ച് കപ്പ്
പഞ്ചസാര – മൂന്ന് കപ്പ്
നെയ്യ് – കാല്‍ കപ്പ്
ഏലക്കാ പൊടിച്ചത് – ഒരു ടേബിള്‍ സ്പൂണ്‍
കശുവണ്ടി – അര കപ്പ്
വെള്ളം – ഒരു കപ്പ്

തയാറാക്കുന്നവിധം
ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. വെള്ളത്തിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കി നൂല്‍പരുവമാകുന്നതുവരെ ചൂടാക്കുക. അതിലേക്ക് ചക്ക അരച്ചത് ചേര്‍ത്ത് ജലാംശം ഇല്ലാതാകുന്നതുവരെ ഇളക്കുക. മുറുകി കഴിയുമ്പോള്‍ പാല്‍ ചേര്‍ത്തു വീണ്ടും ഇളക്കുക. അല്‍പം മുറുകിക്കഴിയുമ്പോള്‍ നെയ്യില്‍ അല്‍പം മാറ്റിവച്ചശേഷം ബാക്കിയുള്ളത് ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഏലക്കായും ചേര്‍ക്കുക. നന്നായി മുറുകിക്കഴിയുമ്പോള്‍ ഹല്‍വ സൂക്ഷിച്ചു വയ്ക്കാന്‍ തയാറാക്കി വച്ചിരുന്ന പാത്രത്തിന്റെ ഉള്ളില്‍ ബാക്കിയുള്ള നെയ്യ് പുരട്ടി ഹല്‍വ നിറച്ച് മുകളില്‍ നിന്ന് അമര്‍ത്തുക. ആറാമത്തെ ചേരുവ കശുവണ്ടി, നെടുകെ പിളര്‍ന്ന് ഹല്‍വയുടെ മുകളില്‍ വച്ച് അലങ്കരിക്കുക.

ചക്കപ്പഴം ഹല്‍വ
ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത ചക്കച്ചുള – അഞ്ച് കപ്പ്
പഞ്ചസാര
നന്നായി പൊടിച്ചത് – രണ്ട് കപ്പ്
നെയ്യ് – അര കപ്പ്
തേങ്ങാപ്പാല്‍ – മൂന്ന് കപ്പ്
ഏലയ്ക്കാ പൊടിച്ചത് – ഒരു ടേബിള്‍ സ്പൂണ്‍
കശുവണ്ടി – അര കപ്പ്
ശര്‍ക്കര – അര കപ്പ്

തയാറാക്കുന്നവിധം
ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. ശര്‍ക്കര നൂല്‍പ്പരുവത്തില്‍ ആകുമ്പോള്‍ അതിലേക്കു ചക്ക അരച്ചതു ചേര്‍ത്തു ജലാംശം ഇല്ലാതാകുന്നതു വരെ ഇളക്കുക. തുടര്‍ന്നു തേങ്ങാപ്പാലും പഞ്ചസാരയും ചേര്‍ത്ത് വീണ്ടും ഇളക്കുക. മുറുകാന്‍ തുടങ്ങുമ്പോള്‍ ഏലക്കാ പൊടിച്ചത് ചേര്‍ക്കുക, നന്നായി ഇളക്കിയതിനു ശേഷം നെയ്യില്‍ അല്‍പം മാറ്റിവച്ചശേഷം ബാക്കിയുള്ളത് മുഴുവന്‍ ചേര്‍ത്തു നന്നായി മുറുകുന്നതുവരെ ഇളക്കുക. ഹല്‍വ പകരാന്‍ തയാറാക്കിയ പാത്രത്തില്‍ അവശേഷിച്ച നെയ്യ് പുരട്ടുക. ഹല്‍വ നിറച്ചശേഷം മുകള്‍ഭാഗം നന്നായി അമര്‍ത്തി ലെവല്‍ ചെയ്യുക. ഇതിന് മുകളില്‍ കശുവണ്ടി നെടുകെ കീറി അലങ്കരിക്കാവുന്നതാണ്. ഹല്‍വ റെഡി.

ചക്കപ്പഴം മുറുക്കിയത്
ആവശ്യമായ സാധനങ്ങള്‍
പഴുത്ത ചക്ക – അഞ്ച് കപ്പ്
നെയ്യ് – അര കപ്പ്
ശര്‍ക്കര – രണ്ട് കപ്പ്
ഏലയ്ക്കാ പൊടിച്ചത് – ഒരു ടേബിള്‍ സ്പൂണ്‍
നിലക്കടല വറുത്തത് – അര കപ്പ്

തയാറാക്കുന്നവിധം
ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. ചേരുവ ശര്‍ക്കര ചൂടാക്കി നൂല്‍പ്പരുവമാകുന്നതുവരെ ഇളക്കുക. അതിലേക്ക് ചക്കപ്പഴം അരച്ചത് ചേര്‍ത്ത് ഇളക്കുക. ഏലക്കാ പൊടിച്ചതും നെയ്യില്‍ അല്‍പം മാറ്റിവച്ചശേഷം ബാക്കിയുള്ളതും ചേര്‍ത്തു നന്നായി ചേരുന്നതുവരെ ഇളക്കുക. നിലക്കടല തൊലികളഞ്ഞ് ചേര്‍ത്തിളക്കുക. ജലാംശം പൂര്‍ണമായും നീങ്ങുന്നതുവരെ ഇളക്കണം. തുടര്‍ന്നു ചക്കപ്പഴം മുറുക്കിയതു സൂക്ഷിച്ചുവയ്ക്കാന്‍ കരുതിയ പാത്രത്തില്‍ നെയ്യില്‍ ബാക്കിവച്ചിരുന്നത് പുരട്ടിയശേഷം ചക്കപ്പഴം മുറുക്കിയതു നിറച്ചശേഷം മുകളില്‍ നിന്ന് അമര്‍ത്തിപ്പരത്തുക. രുചികരമായ ഈ വിഭവം ജാമിനു പകരമായി ഉപയോഗിക്കാവുന്നതാണ്.

റോസ്റ്റഡ് റവ ചക്കപ്പഴം ഉണ്ട
ആവശ്യമുള്ള സാധനങ്ങള്‍
നന്നായി പഴുത്ത ചക്കച്ചുളകള്‍ – അഞ്ച് കപ്പ്
വറുത്ത റവ
(ഇളം ബ്രൗണ്‍ നിറമാകണം) – അഞ്ച് കപ്പ്
ശര്‍ക്കര – മൂന്ന് കപ്പ്
നെയ്യ് – അഞ്ച് ടേബിള്‍ സ്പൂണ്‍
ഏലക്ക – 15 എണ്ണം

തയാറാക്കുന്നവിധം
വറുത്ത റവയില്‍ നിന്ന് ഒരു കപ്പ് ഒരു മുറത്തില്‍ ഇടുക. തുടര്‍ന്നു ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കി ബാക്കിയുള്ള നാല് കപ്പ് റവ റോസ്റ്റ് ചെയ്‌തെടുത്ത് വാങ്ങിവയ്ക്കുക. ചക്കപ്പഴം ആവിയില്‍ വേവിച്ച് മിക്‌സിയില്‍ അരച്ചെടുക്കുക. തുടര്‍ന്ന് ശര്‍ക്കര ഉരുക്കി നൂല്‍പ്പരുവമാകുമ്പോള്‍ അരച്ചെടുത്ത ചക്കപ്പഴം ചേര്‍ത്ത് ജലാംശം പൂര്‍ണമായും നീങ്ങുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഏലക്കാ പൊടിച്ചത് ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് നെയ്യും റോസ്റ്റ് ചെയ്ത റവയും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. തുടര്‍ന്ന് ചെറിയ ഉരുളകളാക്കി മുറത്തിലെ റവയില്‍ മുക്കി ഉപയോഗിക്കാം.
കടപ്പാട് : റീനാ ടോണി കരിപ്പാപ്പറമ്പില്‍, എറണാകുളം

Leave a Reply

Your email address will not be published. Required fields are marked *