ബേക്കൽ കോട്ട വെറും ഒരു ഗാന പശ്ചാത്തലമല്ല

കാസർഗോഡ് എന്ന് കേട്ടാൽ അപ്പൊ മനസ്സിൽ വരും ബേക്കൽ കോട്ട. ബേക്കൽ കോട്ട മനസ്സിൽ വന്നാൽ പിന്നെ ആ പാട്ടു പുറകെത്തന്നെ ഉണ്ടാവും – ഉയിരേ, ഉയിരേ… ബോംബെ എന്ന സിനിമ ഇന്ത്യൻ മനസ്സുകളെ കീഴടക്കുമ്പോൾ, ഇവിടെ കുറെ മലയാളികൾ തങ്ങൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ വമ്പൻ കോട്ടയിൽ അഭിമാനംകൊള്ളുകയായിരുന്നു. അക്കൂട്ടത്തിൽ പെടും ഈ ഞാനും.

ബേക്കൽ കോട്ട അരവിന്ദ് സ്വാമി ചിത്രമായ ബോംബയിൽ കണ്ടതിനു ശേഷം ഒട്ടനേകം വിനോദ സഞ്ചാരികൾ ഈ കോട്ട കാണുവാനായി എത്തുന്നുണ്ട്. പക്ഷെ നിങ്ങൾക്കറിയുമോ ബേക്കൽ കോട്ട നമ്മുടെ കേരളത്തിന്റെ ഏറ്റവും വലിയ കോട്ടയാണെന്നും അത് ഹൈദരലി പണിതതല്ലെന്നും?

അതെ, ബേക്കൽ കോട്ട ഹൈദരാലിയോ ടിപ്പു സുൽത്താനോ പണിത കോട്ടയല്ല. ഇത് പണിതത് കേലാടിയിലെ ശിവപ്പ നായകയാണ്. കേലാടി കർണാടകത്തിലെ ഒരു ചെറിയ പട്ടണമാണ്.

1680 AD യിൽ പണിത ഈ കോട്ട ഇന്ന് കേരളത്തിന്റെ ഒരു അഭിമാനമാണ് എന്ന് പറയാം. ശിവപ്പ നായക പണിത ബേക്കൽ കോട്ട മൂഷിക രാജാക്കന്മാരുടെയും മലബാർ രാജാക്കന്മാരുടെയും പിന്നീട് ഹൈദരാലിയുടെയും ടിപ്പുവിന്റേയും ഒക്കെ ആധിപത്യത്തിന് കീഴിൽ ആയിരുന്നു.
പല രാജാക്കന്മാർക്കും ഒടുവിൽ കോട്ട ബ്രിട്ടീഷുകാരുടെ കീഴിലായി. അതിനു ശേഷം, ഇപ്പോൾ, ബേക്കൽ കോട്ട Archaeological Survey of India സംരക്ഷിച്ചു വരുന്നു.

കാസർഗോഡ് നിന്നും വെറും 17 കിലോമീറ്റർ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന ബേക്കൽ കോട്ടയിലെത്തുവാൻ പൊതു വാഹനങ്ങൾ കാസര്കോടുനിന്നും കിട്ടും.
കോട്ടയിൽ പ്രവേശിക്കുവാൻ രാവിലെ 8:30 മുതൽ വൈകുന്നേരം 5:00 വരെ ടിക്കറ്റ് ലഭിക്കുന്നതാണ്. ടിക്കറ്റ് വില ഒരാൾക്ക് 15.00 രൂപയും ക്യാമറയ്ക്കു 25.00 രൂപയുമാണ്.

കോട്ടയ്ക്കുള്ളിൽ വിശാലമായ ഒരു മൈതാനവും രണ്ടു കിണറുകളും ഒട്ടനേകം പൂന്തോട്ടങ്ങളുമുണ്ടെങ്കിലും ആരെയും പെട്ടന്ന് ആകർഷിക്കുന്നത് അവിടെ താളുയർത്തി നിൽക്കുന്ന ഒരു ഗോപുരമാണ്. ഗോപുരം എന്ന് പറഞ്ഞാൽ ഒരു watch tower. അതിനു മുകളിൽ നിന്നും നമ്മുക്ക് നല്ലൊരു കാഴ്ചതന്നെയാണ്.

ഒരു വശത്തു വിശാലമായ തെങ്ങിൻതോപ്പുകളും, മറുവശത്തു നിറങ്ങളാൽ ചാർത്തിയ കടൽത്തീരങ്ങളും ആരെയും വശീകരിക്കുന്നതാണ്. നീല കലർന്ന പച്ച കൂടിയ അറബിക്കടൽ. അതിനു വേലിതീർത്തുകൊണ്ടു ഇളം കാറ്റിൽ ഉലയുന്ന തെങ്ങിൻതൈകൾ. ഇതിനെല്ലാം മുകളിലായി മനംകവരുന്ന നീല മേഘം. എല്ലാം ഒരു ചിത്രകാരന്റെ ക്യാൻവാസിലെന്നപോലെ.

നൽപോത്തോളം ഏക്കറുകളിലായി പടർന്നു കിടക്കുന്ന ബേക്കൽ കോട്ട നന്നായി നടന്നു കാണുവാൻ കുറഞ്ഞത് ഒരു രണ്ടു മണിക്കൂറെങ്കിലും വേണം. പിന്നെ നിങ്ങൾ കുറച്ചു സാവധാനം കണ്ട് ആസ്വദിച്ചു പാകുന്ന ആളാണെങ്കിൽ ഈ സമയവും തികയില്ല.

ഞങൾ കുറച്ചു വീഡിയോ ഒക്കെ എടുത്തു നടന്നതുകൊണ്ടാവാം ഞങ്ങൾക്ക് മൂന്നു മണിക്കൂർ പോലും തികയാതെ വന്നു. പടികളിറങ്ങി ഉയിരേ ഉയിരേ പട്ടു ഷൂട്ട് ചെയ്ത ഭാഗത്തു ചെന്നപ്പോൾ തന്നെ സെക്യൂരിറ്റി വാണിംഗ് വിസ്സൽ ഊതി. അയാളുടെ കാലു പിടിച്ചു ഒരു സ്വൽപ്പനേരം കൂടി വീഡിയോ എടുക്കുവാൻ അനുവാദം മേടിച്ചു ഞങ്ങൾ ആ നേർത്ത കാറ്റിൽ കടൽത്തിരകൾ കണ്ട് നിന്നു.

ബേക്കൽ കോട്ട കണ്ടിറങ്ങിയാൽ പിന്നെ അവിടെ അടുത്ത് തന്നെ കാണുവാൻ പറ്റിയതാണ് പള്ളിക്കര ബീച്ച്. സൂര്യാസ്തമയം കാണുവാനും സായാഹ്നം തിമിർക്കുവാനും എത്തുന്ന ഒട്ടനേകം സന്ദര്ശകര്ക്കൊപ്പം ഞങ്ങളും ബേക്കലിന്റെ നിഴലിൽ അന്ന് വൈകുന്നേരം ചിലവഴിച്ചു.

യാത്രയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി : http://foodntravel.in

Leave a Reply

Your email address will not be published. Required fields are marked *