അടുത്തകാലം വരെ നമ്മുടെ കേരളത്തില്‍ മിക്ക വീടുകളിലും തുളസിത്തറയുണ്ടായിരുന്നു. ഇപ്പോള്‍ തുളസിത്തറ ഇല്ലെങ്കില്‍ കൂടി മിക്ക വീടുകളിലും തുളസിച്ചെടി വളര്‍ത്താറുണ്ട്. ആരോഗ്യപരമായി ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. തലമുടിയുടെയും ചര്‍മ്മത്തിന്റെയും പരിപാലനത്തിനു സഹായിക്കുന്ന ഒരു അത്ഭുത ചെടിയായാണ് തുളസിയെ കാണുന്നത്.
തുളസിക്ക് വളരെ ഉയര്‍ന്ന ഔഷധ മൂല്യമാണുള്ളത്. അതിനാല്‍, “പ്രകൃതിയുടെ അമ്മ മരുന്ന്” എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇതിന് ശക്തിയേറിയ ആന്റിഓക്സിഡന്റ്, ആന്റിഫംഗസ്, ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണവിശേഷങ്ങളും ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനു സഹായകമാവുന്ന രീതിയില്‍ പ്രതിരോധശേഷി ഉയര്‍ത്താനുള്ള കഴിവും ഉള്ളതിനാല്‍ അണുക്കളോടും അണുബാധയോടുമുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായകമാവുന്നു.
സാധാരണ ചര്‍മ്മ പ്രശ്നങ്ങളായ മുഖക്കുരു, പാടുകള്‍ എന്നിവയുടെ ചികിത്സയ്ക്ക് തുളസിയില വളരെ പ്രയോജനപ്രദമാണ്.
മുഖക്കുരു പ്രതിരോധിക്കും
ദിവസവും തുളസിയില കഴിക്കുന്നത് രക്തം ശുദ്ധീകരിക്കുകയും മുഖക്കുരുവിനെ പ്രതിരോധിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് മുഖക്കുരു വരാന്‍ സാധ്യതയുള്ള ചര്‍മ്മമാണ് എങ്കില്‍, തുളസിയില, റോസ് വാട്ടര്‍, ചന്ദനപ്പൊടി, നാരാങ്ങാനീര് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഫേസ്പാക്ക് ഇടുന്നത് വ്യാപകമായി മുഖക്കുരു വരുന്നത് പ്രതിരോധിക്കും.
ചര്‍മ്മത്തിലെ അണുബാധകള്‍ക്കുള്ള മരുന്ന്
ചര്‍മ്മത്തിലെ അണുബാധയ്ക്ക് നല്ലൊരു പരിഹാരമാണ് തുളസിയില. തുളസിയിലകള്‍ കടുകെണ്ണയില്‍ ഇട്ട് എണ്ണയുടെ നിറം മാറുന്നത് വരെ തിളപ്പിക്കുക. ഇത് അരിച്ചെടുത്ത ശേഷം അണുബാധയുള്ള സ്ഥലത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുന്നത് അണുബാധയുടെ ശക്തി കുറയ്ക്കുകയും സുഖപ്പെടുന്നതിന് സഹായിക്കുകയും ചെയ്യും.
ചൊറിച്ചില്‍ സുഖപ്പെടുത്തും
ചൊറിച്ചില്‍ ഉള്ള ചര്‍മ്മഭാഗത്ത് തുളസിയിലകള്‍ കൊണ്ട് ഉരസുകയാണെങ്കില്‍ ഉടന്‍ ആശ്വാസം ലഭിക്കും. തുളസിയില നീരും നാരങ്ങാനീരും ചേര്‍ന്ന മിശ്രിതം പുരട്ടുന്നതും ചൊറിച്ചിലിന് ശമനം നല്‍കും.
സ്കിന്‍ ടോണര്‍
ചര്‍മ്മത്തിന് മുറുക്കം ലഭിക്കാന്‍ തുളസിയില ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ടോണര്‍ നിര്‍മ്മിക്കാം. ഇതിനായി, തുളസിയില വെള്ളത്തിലിട്ട് അഞ്ച് മിനിറ്റു നേരം തിളപ്പിക്കണം. ഇതില്‍ ഏതാനും തുള്ളി റോസ് വാട്ടറും 2-3 തുള്ളി നാരങ്ങാനീരും ചേര്‍ക്കുക. ഈ മിശ്രിതം ഒരു സ്കിന്‍ ടോണറായി മുഖത്ത് പുരട്ടാവുന്നതാണ്.
പൊള്ളലിനും മുറിവിനും
പൊള്ളലിനും മുറിവിനുമുള്ള ചികിത്സയ്ക്ക് തുളസിയില പ്രയോജനപ്രദമാണ്. ഇതിനായി, തുളസിയില വെളിച്ചണ്ണയില് ഇട്ട് ഏതാനും മിനിറ്റ് നേരം തിളപ്പിക്കുക. ഈ മിശ്രിതം തണുത്ത ശേഷം മുറിവോ പൊള്ളലോ ഏറ്റ ചര്‍മ്മഭാഗത്ത് പുരട്ടുക.
ചര്‍മ്മകാന്തിക്ക്
കുറച്ചു തുളസിയില വെയിത്ത് വച്ച് ഉണക്കുക. ഉണങ്ങിയ തുളസിയില പൊടിച്ചെടുത്ത് അതില്‍ കുറച്ചു മുള്‍ട്ടാണി മിട്ടി ചേര്‍ക്കുക. ഇതില്‍ അല്‍പ്പം വെള്ളമോ റോസ് വാട്ടറോ ചേര്‍ത്ത് കുഴമ്ബു രൂപത്തിലാക്കി മുഖത്ത് എല്ലായിടത്തും പുരട്ടുക. 10-15 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കും.
ചര്‍മ്മത്തിനു നിറം വരുത്താന്‍
തുളസിയിലകള്‍ ചെടിയില്‍ നിന്ന് നുള്ളിയെടുത്ത് അധികം കഴിയുന്നതിനു മുമ്ബ് ഏതാനും തുള്ളി നാരങ്ങാനീരുമായി ചേര്‍ത്തരച്ച് ചര്‍മ്മത്തില്‍ പുരട്ടുക. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.