വേനലില്‍ പകരുന്ന രോഗങ്ങള്‍

വേനല്‍ക്കാലത്ത് കൂടുതലായി കാണുന്ന പകര്‍ച്ചവ്യാധികളാണ് ചിക്കന്‍ പോക്‌സ്, അഞ്ചാംപനി, റുബെല്ല തുടങ്ങിയവ. ഈ രോഗങ്ങള്‍ സാധാരണയാണെങ്കിലും സ്വന്തം വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ എന്ത് ചെയ്യണമെന്ന് പലര്‍ക്കും അജ്ഞാതമാണ്. ഇവയെക്കുറിച്ചുള്ള പാരമ്പര്യ അറിവുകളാകട്ടെ പലതും അശാസ്ത്രീയമാണ് താനും. രോഗപ്രതിരോധമാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ ഉത്തമം. ഓരോ രോഗവും പകരുന്ന വിധം അറിഞ്ഞിരുന്നാല്‍ ഇവയെ ഒരുവിധം പ്രതിരോധിക്കാനാകും. മാത്രവുമല്ല, ഈ രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ കുത്തിവെപ്പുകളും ലഭ്യമാണ്.

ചിക്കന്‍പോക്‌സ്
വാരിസെല്ല ഡോസ്റ്റര്‍’ എന്ന വൈറസാണ് ഈ അസുഖം ഉണ്ടാക്കുന്നത്. കുട്ടികളില്‍ ഇത് സാധാരണയാണെങ്കിലും പ്രായം ചെന്നവരില്‍ മിക്കപ്പോഴും ഇത് ഗുരുതരമാവാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണികളില്‍ ഈ രോഗം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കാനുള്ള സാധ്യത ഉണ്ടെങ്കിലും അത് ചെറിയ ശതമാനം മാത്രമാണ്.
പനി, തലവേദന, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ തുടങ്ങിയതിന് ശേഷം ശരീരത്തില്‍ ചെറിയ കുമിളകള്‍ കാണാന്‍ തുടങ്ങും. കഴുത്ത്, നെഞ്ച്, പുറം എന്നിവിടങ്ങളിലാണിത് ആദ്യം കാണുക. പിന്നീട് കൈകാലുകളിലും മുഖത്തും വ്യാപിക്കും. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന്റെ 1-2 ദിവസം മുമ്പ് മുതല്‍ പ്രത്യക്ഷപ്പെട്ട് 4-5 ദിവസം വരെ രോഗം മറ്റൊരാള്‍ക്ക് പകരാം. വായുവിലൂടെയും കുമിളയിലെ ദ്രാവകം വഴിയും രോഗം പകരാം. കുമിളകള്‍ പൊട്ടി ഉണങ്ങാന്‍ തുടങ്ങുന്ന സമയത്ത് രോഗം പകരില്ല. വൈറസ് ഉള്ളില്‍ കടന്ന് 7-21 ദിവസം കഴിഞ്ഞാണ് രോഗം തുടങ്ങുക. ഈ സമയത്തിന് Incubation Period എന്ന് പറയും. ഈ സമയത്തും രോഗം വേറെ ഒരാള്‍ക്ക് പകരാന്‍ സാധ്യതയുണ്ട്.
പനി, തലവേദന, ചൊറിച്ചില്‍ എന്നിവക്ക് മരുന്ന് കഴിക്കാം. രോഗം അപകടാവസ്ഥയിലേക്ക് മാറാതിരിക്കാനും രോഗത്തിന്റെ തീവ്രത കുറക്കാനും വേണ്ടി ആന്റിവൈറല്‍ ഗുളികകള്‍ ലഭ്യമാണ്. മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഈ മരുന്ന് കഴിക്കുന്നതാണ് ഉത്തമം.

ദിവസവും രണ്ട് നേരത്തെ കുളി ശരീരത്തെ ശുദ്ധിയാക്കും. കുമിളകള്‍ പൊട്ടി അണുബാധയേല്‍ക്കാതിരിക്കാന്‍ സോപ്പ് തേച്ചുള്ള കുളി സഹായിക്കും.
കൂടാതെ നഖം വെട്ടി വൃത്തിയായിരിക്കാനും ശ്രദ്ധിക്കണം.
രോഗാവസ്ഥയില്‍ ധാരാളം വെള്ളം കുടിക്കണം. പഴങ്ങളും പച്ചക്കറികളും പ്രത്യേകം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
സാധാരണ കഴിക്കുന്ന എല്ലാതരം ഭക്ഷണ പദാര്‍ത്ഥങ്ങളും രോഗാവസ്ഥയിലും കഴിക്കാം.
വിട്ടുമാറാത്ത പനി, കുമിളകള്‍ പൊട്ടി പഴുപ്പ് ബാധിക്കല്‍. ശ്വാസം മുട്ടല്‍ എന്നിവ ശ്രദ്ധിക്കണം. ന്യൂമോണിയ ശ്വാസകോശത്തിലെ അണുബാധ ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഒന്നാണ്.
സാധാരണയായി രണ്ടാഴ്ചയോടെ രോഗം പൂര്‍ണമായും സുഖപ്പെടും.
ഒരിക്കല്‍ ചിക്കന്‍ പോക്‌സ് വന്നവര്‍ക്ക് രണ്ടാമത് വരാനുള്ള സാധ്യത കുറവാണ്. എന്നാല്‍ പ്രായം ചെന്നവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഇത് ‘പൊര്‍പ്പസ് സോസ്റ്റര്‍’ അഥവാ ഞരമ്പുപൊട്ടി എന്നറിയപ്പെടുന്ന ഒന്നായി മാറാം. ശരീരത്തിലെ ഒരു ഭാഗത്ത് (അധിക പേരിലും നെഞ്ചില്‍) ചിക്കന്‍ പോക്‌സിന്റെ കുമിളകള്‍ പോലെ കാണുന്നതാണിത്. നീണ്ടു നില്‍ക്കുന്ന ശക്തമാ വേദനയാണ് ഇതിന്റെ പ്രത്യേകത. ഫലപ്രദമായ മരുന്നുകള്‍ കൊണ്ട് രോഗം ഭേദമാക്കാം.

അഞ്ചാംപനി
പാരാ മിക്‌സോ വൈറസ്’ ആണ് മീസില്‍സ് അഥവാ അഞ്ചാം പനി പരത്തുന്നത്. പനി, കണ്ണിന് ചുവപ്പ്, ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളെത്തുടര്‍ന്ന് ശരീരത്തില്‍ ഉണലുകള്‍ കാണാന്‍ തുടങ്ങും.ചെവിയുടെ പിറകു വശത്താണ് ഇത് ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് മുഖത്തും നെഞ്ചിലും കൈകാലുകളിലും കണ്ടുതുടങ്ങും. തുടര്‍ന്ന് പനി കുറയും. രോഗിയുടെ മൂക്കിലെയും വായിലെയും സ്രവങ്ങളിലൂടെയാണ് രോഗം പകരുക. പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് രോഗം എത്തിപ്പെടാം. ശ്വാസകോശത്തില്‍ പഴുപ്പ്, ചെവിയിലെ പഴുപ്പ്, മെനിഞ്ചൈറ്റിസ്, മസ്തിഷ്‌കജ്വരം എന്നിവ രോഗത്തിന്റെ ചില സങ്കീര്‍ണതകളാണ്.
ഗര്‍ഭിണികളില്‍ രോഗം ഗര്‍ഭഛിദ്രത്തിനും മാസം തികയാത്ത പ്രസവത്തിനും കാരണമാവാം. പനിക്ക് വേണ്ടിയുള്ള മരുന്നും, വിശ്രമവും നല്ല ഭക്ഷണവും അല്ലാതെ വേറെ ചിത്സാവിധികളൊന്നും വേണ്ട.
കുഞ്ഞുങ്ങളില്‍ 9-ാം മാസത്തെ Measles Vaccine എടുത്താല്‍ രോഗം തടയാം. പതിനഞ്ചാം മാസത്തില്‍, എടുക്കുന്ന എം.എം.ആര്‍ (Mumps, MwalesRubella) എടുത്താലും മതിയാകും.

ചെങ്കണ്ണ്
കണ്ണിന്റെ ഏറ്റവും പുറത്തുള്ള ആവരണത്തെ (conjunctiva) ബാധിക്കുന്ന രോഗമാണിത്. ബാക്ടീരിയയും വൈറസും രോഗ കാരണമാകാം. വേനല്‍കാലത്ത് സാധാരണയായി കാണാറുള്ള ചെങ്കണ്ണിന്റെ ഹേതു ‘ അഡിനോ വൈറസ്’ ആണ്.
കണ്ണിന് ചുവപ്പ്, വേദന, ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളം വരിക, പനി എന്നിവയാണ് ലക്ഷണങ്ങള്‍.
താരതമ്യേന അപകടം കുറഞ്ഞ രോഗമാണിത്. രോഗം ബാധിച്ച കണ്ണ് തുടച്ച തൂവാലയിലൂടെയോ കൈയിലൂെടയോ ആവാം രോഗം പകരുന്നത്. പനി, വേദന എന്നിവക്കുള്ള മരുന്നുകള്‍ക്ക് പുറമെ, അണുബാധയേല്‍ക്കാതിരിക്കാന്‍ ആന്റിബയോട്ടിക് തുള്ളി മരുന്നുകളും ഉപയോഗിക്കണം.
വ്യക്തി ശുചിത്വവും നല്ല ആഹാര പാനീയങ്ങളും വിശ്രമവും കൊണ്ട് ഈ രോഗങ്ങളെ നിയന്ത്രിക്കാനാകും. പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കുന്നതോടെ മറ്റൊരാള്‍ക്ക് രോഗം പകരുന്നത് തടയാന്‍ കഴിയും. കൂടാതെ, യഥാസമയത്തെ കുത്തിവെപ്പുകള്‍ രോഗ പ്രതിരോധം എളുപ്പമാക്കുകയും ചെയ്യും.

റുബെല്ല (ജര്‍മന്‍ മീസില്‍സ്)
അഞ്ചാം പനിയോട് നല്ല സാദൃശ്യമുള്ള വേറൊരു വൈറല്‍ രോഗമാണ് റുബെല്ല. പനി, തൊണ്ടവേദന, ജലദോഷം എന്നിവക്ക് ശേഷം ഏകദേശം 24 മണിക്കൂര്‍ കഴിഞ്ഞ് ഉണലുകള്‍ പ്രത്യക്ഷപ്പെടും. മുഖത്താണ് ഇത് ആദ്യം കാണുക. അഞ്ചാംപനിയെപ്പോലെ കൂടുതലായി ഉണലുകള്‍ ഉണ്ടാവില്ല. കഴുത്തില്‍ കഴലവീക്കം, സന്ധിവേദന എന്നിവയും ഉണ്ടാവാം.
അഞ്ചാം പനിയെപ്പോലെത്തന്നെ രോഗിയുടെ മൂക്ക്-വായ എന്നിവയിലെ സ്രവങ്ങളില്‍ കൂടിയാണ് രോഗം പകരുക. താരതമ്യേന അപകടം കുറഞ്ഞ രോഗമാണിത്. എന്നാല്‍ ഗര്‍ഭിണികളില്‍ ഈ രോഗം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കാനുള്ള സാധ്യത ഏറെയാണ്.
ഗര്‍ഭസ്ഥ ശിശുവിന് തിമിരം, കേള്‍വിയില്ലായ്മ, ബുദ്ധിമാന്ദ്യം തലച്ചോറിനെ ബാധിക്കുന്ന മറ്റു വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടാവാം. അതിനാല്‍ കൗമാരക്കാലത്ത് അല്ലെങ്കില്‍ ഗര്‍ഭിണിയാവുന്നതിന് മുമ്പ് റുബെല്ല വാക്‌സിന്‍ എടുക്കുന്നത് രോഗം തടയും.

മുണ്ടിവീക്കം
ഉമനീര്‍ ഗ്രന്ഥിയായ Patotid-നെ ബാധിക്കുന്ന വൈറല്‍ അസുഖമാണിത്. പനി, ഉമിനീര്‍ ഗ്രന്ഥി വീക്കം, വായ തുറക്കുമ്പോഴും ഭക്ഷണം, ഉമിനീര്‍ എന്നിവ ഇറക്കുമ്പോഴും വേദന, ചെവി വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
വൈറസ് Patotid ഗ്രന്ഥിയെ കൂടാതെ വൃഷ്ണത്തെയും ബാധിക്കാം. അങ്ങനെ വന്നാല്‍ പ്രത്യുല്‍പാദന ശേഷി കുറയാനുള്ള സാധ്യതയുണ്ട്. ഇവിടെയും രോഗിയുടെ മൂക്ക്, വായ എന്നിവയിലെ സ്രവത്തിലൂടെയാണ് രോഗം പകരുക.
പനിയും വീക്കവും കുറയാനുള്ള മരുന്നുകളാണ് കഴിക്കേണ്ടത്. പുളിയുള്ള ആഹാര പദാര്‍ഥങ്ങള്‍ കഴിച്ചാല്‍ ഉമിനീര്‍ കെട്ടിക്കിടന്ന് പഴുപ്പ് വരാനുള്ള സാധ്യത കുറക്കുകയും ചെയ്യും. എം.എം.ആര്‍ വാക്‌സിന്‍ ഈ രോഗത്തെ തടയുന്നു. വിശ്രമവും നല്ല ഭക്ഷണവും ഈ രോഗത്തിനും ആവശ്യം തന്നെ.

കടപ്പാട് : ഡോ. നിഷാത്ത് റഹ്മാന്‍

Leave a Reply

Your email address will not be published. Required fields are marked *